വായനക്കു മുന്‍പ് ഒരു വാക്ക്...... ഇവിടെ കുറിക്കുന്നതെല്ലാം എന്റെ മാത്രം സ്വന്തമാണ്....അത് എന്നെ പോലുള്ളവരുടെ മൊത്തം കാര്യമായിട്ടെടുക്കരുത് എന്നൊരപേക്ഷയുണ്ട്.... ഞാന്‍ വിശ്വസിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന അവസ്ഥയെ ഒരിക്കലും ഇതുവച്ചളക്കരുത് എന്ന് അപേക്ഷിക്കുന്നു....
Monday, 26 March 2007
എന്റെ വിളി.....
സെമിനാരിയില്‍ ചേര്‍ന്ന് അച്ചനാവണം എന്നൊരാഗ്രഹം പണ്ടു തൊട്ടേ മനസിലുണ്ടായിരുന്നു........ എന്നൊന്നും ഞാന്‍ പറയില്ല...എന്റെ കൂടെ അങ്ങനെയെത്തിയ അനേകം വിശുദ്ധരുണ്ടായിരുന്നു.....അവരൊക്കെ ഇപ്പൊ എവിടെയാണാവൊ പലരും ഹോളീ ഫാമിലി കോണ്‍ഗ്രഗേഷനില്‍ (വിശുദ്ധ കുടുംബ സഭ എന്നു പരിഭാഷ - പെണ്ണുകെട്ടി കൊച്ചു കുഞ്ഞു പരാധീനതകളുമായി ഒരു കുടുംബം എന്നു പച്ച മലയാളത്തില്‍) ചേര്‍ന്നു എന്നാണറിവ്. സെമിനാരിയില്‍ ചേരുന്നവര്‍ക്ക് വിളി ഉണ്ടാവണം എന്നതൊരു നിര്‍ബന്ദമുണ്ടായിരുന്നതു കൊണ്ട് (ആ നിര്‍ബന്ദം ആര്‍ക്കായിരുന്നു എന്നെനിക്കറിയില്ല) വിളിയില്ലാതിരിക്കാനാവില്ലല്ലൊ....അങ്ങനെ എന്റെ വൈദീക ജീവിതവും ഒരു നല്ലൊരു നുണയിലാരംഭിച്ചു (വലിയൊരു നന്മയ്കായി ചെറിയൊരു തിന്മ-നന്മയേത് തിന്മയേത്,ആര്‍ക്ക് എന്ന ചോദ്യം അപ്രസക്തം). സെമിനാരി പ്രെവേശനത്തിനുള്ള ഒരു പ്രെവേശന ക്യാമ്പ്... വിശുദ്ധരും നിര്‍മ്മലരുമായ മാലാഖ കുഞ്ഞുങ്ങളെ പോലെ (എന്റമ്മോ 3 ദിവസം അതിനകത്ത് അനങ്ങാതെ പിടിച്ചിരിക്കാന്‍ പെട്ട പാട്... വിശുദ്ധനായൊരു കുഞ്ഞല്ലെ..വായ തുറന്നാല്‍ ഉള്ള വിശുദ്ധി ചാടി പോയല്ലൊ)ഞങ്ങളിച്ചിരി പേര്‍....വിശുദ്ധിയും മറ്റും തെളിയിക്കാനുള്ള ഒരവസരം കാത്തിരിക്കുന്ന നേരത്താ.... ഓര്‍ക്കാപുറത്തൊരു ചോദ്യം.... "കുഞ്ഞേ, കുഞ്ഞിനെങ്ങനെയാ വിളിയുണ്ടായേ, ആ അനുഭവമൊന്നു വിവരിക്കാമോ"?.....എന്റമ്മച്ചി... എന്റെ നാക്കൊന്നു വളഞ്ഞു...നല്ല ഒന്നാന്തരം ബോയിസ് ഹൈസ്‌കൂളില്‍ (വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു സ്‌കൂളിലായിരുന്നു പഠനം, രാഷ്‌ട്രീയ പ്രെവേശനത്തിനു പ്രെത്യേക കോച്ചിങ്ങിനുള്ള അവസരമൊക്കെയുണ്ട്..അതില്‍ കൂടുതല്‍ വിവരിക്കണ്ടല്ലൊ) പത്താം തരമെത്തി നില്‍ക്കുന്ന എന്റെ വിശുദ്ധിയുടെ ആഴം മനസിലാക്കി കൊടുക്കാന്‍ വായ തുറക്കുന്നതിനു മുന്‍പ് തിരിഞ്ഞു നോക്കാനുള്ള ഭാഗ്യം (നിര്‍ഭാഗ്യമോ) എനിക്കുണ്ടായി..... അയ്യോ.. അതൊരു തല മൂത്ത ചെമ്മാച്ചനായിരുന്നു....ചെമ്മാച്ചന്റെ ആ വെളുത്ത ലോഹയിലേക്കു നോക്കി ഞാന്‍ വാ തുറന്നു എന്റെ വായില്‍ നിന്നും ഞാനറിയാതെ വാക്കുകള്‍ ചാടി തുടങ്ങി.....ഉവ്വച്ചോ... രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോ സ്വൊപ്‌നത്തില്‍ (പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ സ്വപ്നം കാണുന്നത് രാത്രി കിടക്കപായയിലാണോ അതോ പാഠപുസ്തകം മുന്‍പിലിരിക്കുമ്പോഴാണോ ...?) ഒരു മാലാഖ എന്നെ വിളിച്ചു (റോഡിലേക്ക് വിശാലമായി തുറന്നിരിക്കുന്ന ജനല്‍ പാളികള്‍കിപ്പുറത്തിരുന്നു പഠിക്കുന്ന എന്റെ മുന്‍പിലൂടെ കടന്നു പോയിട്ടുള്ള മാലാഖമാരൊന്നും എന്നെ വിളിച്ചിട്ടില്ല എന്ന സത്യം എനിക്കു പറയാനൊക്കുമോ)സാമുവേലിനെ വിളിച്ചതു പോലെ (എന്തിനു കുറക്കണം..ഇരിക്കട്ടെ) ഇവിടെ വന്നപ്പോഴും അങ്ങനെ അനുഭവങ്ങളുണ്ടായി.... ചെമ്മാച്ചന്റെ വാ തുറന്നതടയാതെ വന്നപ്പോ എന്റെ തലക്കനം കൂടി ആദ്യമായി ഒരു വിശുദ്ധനെ കാണുന്നവനെകണ്ട പ്രതീതി ഈ എളിയവനായ എനിക്കുണ്ടായി... പക്ഷെ എന്റെ ഈ വിശുദ്ധിയുടെ ആഴം ഇച്ചിരി കൂടിപോയെന്ന കാര്യം ഇച്ചിരി കഴിഞ്ഞാണു ഞാനറിഞ്ഞത്.... എന്നെ നോക്കിയവരൊക്കെ ഒന്നു കൂടി എന്നെ തിരിഞ്ഞു നോക്കാന്‍ തുടങ്ങി....ഇതാ ഒരു മോഡേണ്‍ സാമുവേല്‍.......... (മാലാഖമാരുമായി അഭിമുഖ സംഭാഷണം നടത്തിയവന്‍....പിന്നെ ഒരു ചെമ്മാച്ചനാകാനാഗ്രഹിച്ചവനായതു കൊണ്ട് ആരും മാനത്തേക്കൊന്നും നോക്കിയില്ല....അല്ല നോക്കിയാലും പട്ടാപകലെവിടന്നാ ഒരു വാല്‍ നക്ഷത്രം കാണാനാവുക) ഏതായാലും സംഗതി റക്‍ടറച്ചന്റെ ചെവി വരെ എത്താഞ്ഞതുകൊണ്ട്....3 ദിവസ്ത്തെ ക്യാമ്പ് പൂര്‍ണ്ണമാക്കി......അങ്ങനെ ആ 3 ദിവസത്തെ പരീക്ഷണവും ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായ എസ്.എസ്.എല്‍.സി. പരീക്ഷയും (ആ കടംബ എങ്ങനെ കടന്നുവെന്ന്..ഇന്നും എനികജ്ഞാതം.....)എന്റെ ദൈവവിളിയുടെ (ഞാന്‍ ഒരു വൈദീകനാകാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നതിന്റെ) ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി ഇന്നും ഞാന്‍ കാണുന്ന (ഞാന്‍ മാത്രമല്ല...പലരും രഹസ്യമായി അങ്ങനെ തന്നെയാ...കാരണം എസ്.എസ്.എല്‍.സി. തോറ്റാല്‍ പിന്നെ സെമിനാരിയുടെ പടിക്കകത്തേക്ക് നോക്കണ്ട)ആ രഹസ്യവും പിന്നിട്ട് ഞാനും ഒരു ചെമ്മാച്ചനായി.... 25-ഓളം ഭാഗ്യവാന്മാരിലൊരുവനായി (നിര്‍ഭാഗ്യവാന്മാരെന്ന് കുശുംബും കുനിഷ്‌ടുമുള്ളവര്‍ പറയും)....ഞാനും എണ്ണപെട്ടു...... അങ്ങനെ ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കും മുന്‍പ് ആ ജീവിതം തുടങ്ങി......
Subscribe to:
Post Comments (Atom)
1 comment:
Aloshi, Major Seminary Kadhakal Koodi Ezhuthu....
Post a Comment