പരിമിതികള്‍ സമയത്തിന്‍ അളവുകോലുകള്‍ നിശ്ചയിച്ചപ്പോ നിര്‍ത്തിവക്കേണ്ടിവന്ന ഓര്‍മക്കുറിപ്പുകള്‍ വീണ്ടും തുടങ്ങണം എന്നു കരുതിയിട്ട് നാളുകളേറെയായി.....
അങ്ങനെ ഇടവേളകള്‍കൊരു വിരാമം.....അല്‍പകാലത്തേക്കെങ്കിലും......
മൈനര്‍സെമിനാരിയിലേക്കു തന്നെ മനസു വീണ്ടും.....
ഒരുപാട് നിയമങ്ങളുണ്ടായിരുന്നു മൈനര്‍ സെമിനാരിയില്‍....
റൂള്‍ ഓഫ് ലാങ്ങ്വേജ് (മലയാളം പറയാന്‍ പാടില്ല )റൂള്‍ ഓഫ് ടച്ച് (മറ്റുള്ളവരെ തൊടാന്‍ പാടില്ല, തെറ്റിദ്ധരിക്കേണ്ട...അടിപിടി ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാ അത്) റൂള്‍ ഓഫ് സൈലന്‍സ് (നിശബ്ദത പാലിക്കേണ്ട സമയങ്ങളും സ്ഥലങ്ങളും), റൂള്‍ ഓഫ് ഈറ്റിംഗ് (തിന്നേണ്ടതും തിന്നാന്‍ പാടില്ലാത്തതുമായ സമയങ്ങളും കനികളും...... പക്ഷെ ആ ഒരു നിയമം കൊണ്ട് എങ്ങനെ ആരും കാണാതെ ചക്കവെട്ടി ഒളിപ്പിച്ചു പഴുപ്പിക്കാമെന്നും പഴുക്കാറായ കുലയുള്ള വാഴ എങ്ങനെ കാറ്റത്തു വീഴ്‌ത്തി (വാഴയുടെ കടയ്ക് കുല തൂങ്ങി കിടക്കുന്ന ഭാഗത്ത് കടഭാഗത്തു തന്നെ വാക്കത്തിക്ക് ആഞ്ഞൊരുവെട്ട്.... എന്നിട്ടൊറ്റവലിക്ക് കത്തി വലിച്ചെടുക്കുക... ഇനി വെട്ടിയതിനെതെരെയുള്ള ഭാഗത്തുനിന്നും ഒരു തള്ള്....... വാഴ താഴെ കുലയടിച്ച്.... അങ്ങനെ മൂത്തകാ അടര്‍ത്തിയെടുക്കാമെന്നും അതു കുളക്കരിയിലുള്ള മോട്ടോര്‍ ഹൗസില്‍ ഇലക്ട്രിക് ബോര്‍ഡിനു പുറകില്‍ വച്ചാല്‍ ഒറ്റദിവസം കൊണ്ട് പഴുക്കുമെന്നുമുള്ള പ്രാഥമിക പാഠങ്ങള്‍ ലഭ്യമായി....) റൂള്‍ ഓഫ് ത്രീ..... (മൂന്നു പേരില്‍ കൂടുതലോ രണ്ടില്‍ കുറവോ പാടില്ല നടക്കാന്‍ പോകുന്ന സമയത്ത്.... വേറൊന്നും കൊണ്ടല്ല ഗൂഢാലോചനകളും കന്നം തിരിവുകളും മറ്റും ഒഴിവാക്കാനുള്ള കുശാഗ്ര ബുദ്ധിയായിരുന്നിരിക്കണം ഈ കണ്ട് പിടുത്തത്തിനു പിന്നില്‍ ) അങ്ങനെ ഒരുപാടൊരുപാട്....
എല്ലാ നിയമങ്ങളും ഒരു വ്യക്തിയെ സ്വയം നിയന്ത്രിക്കാന്‍ ആവശ്യമുള്ളയാണെന്നായിരുന്നു മേലധികാരികളുടെ നിലപാട് (അവര്‍ക്കീ നിയമങ്ങളൊന്നും ബാധകമല്ലായിരുന്നുവല്ലോ.... അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളുണ്ടാക്കാനും ഉള്ളവ പാലിപ്പിക്കാനും വല്ലാത്തൊരു ശുഷ്കാന്തിയായിരുന്നു അവര്‍ക്ക്..............)പക്ഷേ ഉള്ള നിയമങ്ങളും ഉണ്ടാക്കുന്ന നിയമങ്ങളും എങ്ങനെ എങ്ങനെ തെറ്റിക്കാം എന്നതിലായിരുന്നു മാലാഖ കുഞ്ഞുങ്ങളുടെ ശുഷ്കാന്തി.... അതിനപവാദങ്ങളും കുറവല്ല.... എങ്ങനെ റക്ടറച്ചനെ മണിയടിച്ച് അച്ചന്റെ പ്രിയപെട്ടവനാകാം എന്നു മത്സരിക്കുന്ന വിശുദ്ധ വൃന്ദം ഞങ്ങളെ പോലുള്ള നിയമ ധ്വംസകര്‍ക്കൊരു കുരിശും അധികാരികള്‍കൊരു ആശാ കേന്ദ്രവുമായിരുന്നു (അതുകൊണ്ടുതന്നെ പണികൊടുക്കണമെങ്കില്‍ ഈ വിശുദ്ധര്‍ക്കിട്ടു തന്നെ പണിയണം എന്നു പാവം ഞങ്ങള്‍ വിചാരിക്കുന്നതില്‍ എന്തു തെറ്റ്... അവസാനം പണിഞ്ഞ്, പണിഞ്ഞ് കുരിശിറക്കിവച്ച് പോകാന്‍ നിശ്ചയിച്ച ഒരു തിരുത്തല്‍വാദി ഈ വിശുദ്ധരിലൊരുത്തനെ കുളിമുറിയില്‍ പിടിച്ചുകയറ്റി കതകടച്ച് അന്ത്യകൂദാശ നല്‍കിയതും കൂദാശ കര്‍മ്മം കഴിയുന്നതിനുമുന്‍പു ഞങ്ങളോടിയെത്തിയതു കൊണ്ട് പെട്ടിക്കോര്‍ഡര്‍ കൊടുക്കേണ്ടി വന്നില്ല എന്നതും ഇന്നും ഓര്‍മ്മയില്‍ സജീവം.....)
ഒന്നൊന്നിനെ അടിച്ചമര്‍ത്തുബോള്‍ അടിച്ചമര്‍ത്തപെടുന്നവയ്ക്ക് പ്രധിരോധശക്തികൂടുമെന്നും രക്ഷപെടാന്‍ എങ്ങനേയും വഴി നോക്കും എന്ന സത്യം ആര്‍ക്കാ അറിഞ്ഞുകൂടാത്തെ...പക്ഷെ ഞാനത് മനസിലാക്കിയത് മൈനര്‍ സെമിനാരി പ്രവേശന കാലഘട്ടത്തിലാ....മംഗ്ലീഷ് എന്ന മഹാ പ്രതിഭാസവും (Banana Kill = വാഴ കുല.... Cast Fruit= ജാതിക്കാ....അവയില്‍ കാര്യമായി ചില സംഭാവനകള്‍ നല്‍കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെ ഞാനോര്‍ക്കുന്നു ഇന്നും.... തെങ്ങിന്റെ ആര് കൈയില്‍ കയറിയാല്‍ ഇംഗ്ഗ്ലീഷിലെങ്ങനാ പറയുകാ? who entered in my thump..... അല്ലാതെന്താ? ആരൂരാനോ..... ഡിക്ഷണറി തപ്പാനോ ഞാന്‍ പോകേണ്ടത് ?) മൂക്കാത്ത വാഴ എങ്ങനെ വെട്ടി പഴുപ്പിച്ച് മറ്റുള്ളവരെ തീറ്റിപ്പിക്കാം കക്കാണെങ്കില്‍ എങ്ങനെ കുളത്തില്‍ വെട്ടി താഴ്താം എന്നിങ്ങനെയുള്ള വലിയ കാര്യങ്ങള്‍ പഠിച്ചതായിടയ്കാ..... മൂക്കാത്ത കുലയാണെങ്കില്‍ പത്താഴത്തിനകത്തുവച്ചടച്ചിട്ട് ഒരു ചന്ദന തിരി കത്തിച്ചു വയ്കുക അല്ലെങ്കില്‍ പൊതിമടല്‍ പുകയ്കുക ഇത്തിരി മുളകുപൊടി കൂടി തൂവിയാല്‍ ബെസ്റ്റ്... പത്താഴം കത്താതെ നോക്കണെ.. മൈനര്‍ സെമിനാരിയിലെ പത്താഴത്തിന്‍ ഇന്നും മായാത്ത ഒരു മുദ്ര പതിപിച്ചിട്ടുണ്ട്.... ഞാനല്ലട്ടോ.... എന്റെ മാതൃകാ പുരുഷന്മാര്‍.....
പഴുപ്പിക്കാന്‍ കുല വച്ച സമയത്ത് പൊതിമടലും വച്ചൂ ചെമ്മാച്ചന്‍... പക്ഷെ തിരക്കില്‍ വച്ചകാര്യം മറന്നു.... പുകഞ്ഞു പുകഞ്ഞു പത്താഴവും പുകഞ്ഞ് പൊതിമടലിനകത്ത് പഴുപ്പിനു വേഗത കൂട്ടാന്‍ വച്ച മുളകുമണം മൂക്കിലടിച്ച് തുമ്മി തുടങ്ങിയപ്പോഴാ ചെമ്മച്ചനു ബോധം പോയത്.....(ഈ അനുഭവം കൈമുതലായുള്ളതുകൊണ്ടാണോ അതോ കേട്ടറിവുള്ളതുകൊണ്ടാണോ എന്നറിയില്ല...പണ്ട് ഏതോ ഒരു ചെമ്മാച്ചന്‍ റക്ടറച്ചന്‍ പുറത്തുവച്ചു മറന്നു പോയ...(അതീവരഹസ്യമായി പുള്ളി ചെയ്തു പോന്നതാ പക്ഷെ കഷ്ടകാലത്തിനൊരിക്കല്‍ മറന്നു... അതുകൊണ്ട് മറക്കാത്ത പാഠവും കിട്ടി.....) സിഗററ്റിനകത്ത് മുളകു പൊടി തൂവിയത്).....
നട്ടുവച്ച കുംബളങ്ങ കഷ്ടകാലത്തിനങ്ങ് സമൃദ്ധിയായി വളരുകയും അതു കണ്ട വൈസ്‌റെക്ടര്‍ അതുവച്ചു മുതലെടുക്കുകയും നിത്യവും കുംബളങ്ങാചാര്‍ കൊണ്ടഭിഷേകവും തുടങ്ങിയാല്‍ എന്തു ചെയ്യും.... ഒന്നും ചെയ്യാനില്ല.... സെമിനാരിയിലെ ആടിന്റെ കെട്ടഴിച്ചുവിടുക അത്ര തന്നെ.... ആടുകടിച്ചാല്‍ കൂബുകരിയുമെന്നതെത്ര സത്യം......(മൃഗങ്ങളും മനുഷ്യന്റെ സഹചാരികളാണെന്നും അവയും മനുഷ്യരും തമ്മില്‍ ഒരു പരസ്പര ധാരണ നല്ലതാണെന്നുമുള്ള വലിയൊരറിവ് അന്നെനിക്കു കിട്ടി)അങ്ങനെ മൈനര്‍ സെമിനാരിയിലെ നിയമങ്ങള്‍ കൊണ്ടെന്തൊക്കെ നല്ലകാര്യങ്ങളാ ഞാന്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്തത്...