Thursday, 19 July 2007

നിയമങള്‍ പഠിപ്പിച്ച പാഠങള്‍

പരിമിതികള്‍ സമയത്തിന്‍ അളവുകോലുകള്‍ നിശ്ചയിച്ചപ്പോ നിര്‍ത്തിവക്കേണ്ടിവന്ന ഓര്‍മക്കുറിപ്പുകള്‍ വീണ്ടും തുടങ്ങണം എന്നു കരുതിയിട്ട്‌ നാളുകളേറെയായി.....
അങ്ങനെ ഇടവേളകള്‍കൊരു വിരാമം.....അല്‍പകാലത്തേക്കെങ്കിലും......
മൈനര്‍സെമിനാരിയിലേക്കു തന്നെ മനസു വീണ്ടും.....
ഒരുപാട്‌ നിയമങ്ങളുണ്ടായിരുന്നു മൈനര്‍ സെമിനാരിയില്‍....
റൂള്‍ ഓഫ്‌ ലാങ്ങ്വേജ്‌ (മലയാളം പറയാന്‍ പാടില്ല )റൂള്‍ ഓഫ്‌ ടച്ച്‌ (മറ്റുള്ളവരെ തൊടാന്‍ പാടില്ല, തെറ്റിദ്ധരിക്കേണ്ട...അടിപിടി ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാ അത്‌) റൂള്‍ ഓഫ്‌ സൈലന്‍സ്‌ (നിശബ്ദത പാലിക്കേണ്ട സമയങ്ങളും സ്ഥലങ്ങളും), റൂള്‍ ഓഫ്‌ ഈറ്റിംഗ്‌ (തിന്നേണ്ടതും തിന്നാന്‍ പാടില്ലാത്തതുമായ സമയങ്ങളും കനികളും...... പക്ഷെ ആ ഒരു നിയമം കൊണ്ട്‌ എങ്ങനെ ആരും കാണാതെ ചക്കവെട്ടി ഒളിപ്പിച്ചു പഴുപ്പിക്കാമെന്നും പഴുക്കാറായ കുലയുള്ള വാഴ എങ്ങനെ കാറ്റത്തു വീഴ്‌ത്തി (വാഴയുടെ കടയ്ക്‌ കുല തൂങ്ങി കിടക്കുന്ന ഭാഗത്ത്‌ കടഭാഗത്തു തന്നെ വാക്കത്തിക്ക്‌ ആഞ്ഞൊരുവെട്ട്‌.... എന്നിട്ടൊറ്റവലിക്ക്‌ കത്തി വലിച്ചെടുക്കുക... ഇനി വെട്ടിയതിനെതെരെയുള്ള ഭാഗത്തുനിന്നും ഒരു തള്ള്‌....... വാഴ താഴെ കുലയടിച്ച്‌.... അങ്ങനെ മൂത്തകാ അടര്‍ത്തിയെടുക്കാമെന്നും അതു കുളക്കരിയിലുള്ള മോട്ടോര്‍ ഹൗസില്‍ ഇലക്ട്രിക്‌ ബോര്‍ഡിനു പുറകില്‍ വച്ചാല്‍ ഒറ്റദിവസം കൊണ്ട്‌ പഴുക്കുമെന്നുമുള്ള പ്രാഥമിക പാഠങ്ങള്‍ ലഭ്യമായി....) റൂള്‍ ഓഫ്‌ ത്രീ..... (മൂന്നു പേരില്‍ കൂടുതലോ രണ്ടില്‍ കുറവോ പാടില്ല നടക്കാന്‍ പോകുന്ന സമയത്ത്‌.... വേറൊന്നും കൊണ്ടല്ല ഗൂഢാലോചനകളും കന്നം തിരിവുകളും മറ്റും ഒഴിവാക്കാനുള്ള കുശാഗ്ര ബുദ്ധിയായിരുന്നിരിക്കണം ഈ കണ്ട്‌ പിടുത്തത്തിനു പിന്നില്‍ ) അങ്ങനെ ഒരുപാടൊരുപാട്‌....
എല്ലാ നിയമങ്ങളും ഒരു വ്യക്തിയെ സ്വയം നിയന്ത്രിക്കാന്‍ ആവശ്യമുള്ളയാണെന്നായിരുന്നു മേലധികാരികളുടെ നിലപാട്‌ (അവര്‍ക്കീ നിയമങ്ങളൊന്നും ബാധകമല്ലായിരുന്നുവല്ലോ.... അതുകൊണ്ടുതന്നെ പുതിയ നിയമങ്ങളുണ്ടാക്കാനും ഉള്ളവ പാലിപ്പിക്കാനും വല്ലാത്തൊരു ശുഷ്കാന്തിയായിരുന്നു അവര്‍ക്ക്‌..............)പക്ഷേ ഉള്ള നിയമങ്ങളും ഉണ്ടാക്കുന്ന നിയമങ്ങളും എങ്ങനെ എങ്ങനെ തെറ്റിക്കാം എന്നതിലായിരുന്നു മാലാഖ കുഞ്ഞുങ്ങളുടെ ശുഷ്കാന്തി.... അതിനപവാദങ്ങളും കുറവല്ല.... എങ്ങനെ റക്ടറച്ചനെ മണിയടിച്ച്‌ അച്ചന്റെ പ്രിയപെട്ടവനാകാം എന്നു മത്സരിക്കുന്ന വിശുദ്ധ വൃന്ദം ഞങ്ങളെ പോലുള്ള നിയമ ധ്വംസകര്‍ക്കൊരു കുരിശും അധികാരികള്‍കൊരു ആശാ കേന്ദ്രവുമായിരുന്നു (അതുകൊണ്ടുതന്നെ പണികൊടുക്കണമെങ്കില്‍ ഈ വിശുദ്ധര്‍ക്കിട്ടു തന്നെ പണിയണം എന്നു പാവം ഞങ്ങള്‍ വിചാരിക്കുന്നതില്‍ എന്തു തെറ്റ്‌... അവസാനം പണിഞ്ഞ്‌, പണിഞ്ഞ്‌ കുരിശിറക്കിവച്ച്‌ പോകാന്‍ നിശ്ചയിച്ച ഒരു തിരുത്തല്‍വാദി ഈ വിശുദ്ധരിലൊരുത്തനെ കുളിമുറിയില്‍ പിടിച്ചുകയറ്റി കതകടച്ച്‌ അന്ത്യകൂദാശ നല്‍കിയതും കൂദാശ കര്‍മ്മം കഴിയുന്നതിനുമുന്‍പു ഞങ്ങളോടിയെത്തിയതു കൊണ്ട്‌ പെട്ടിക്കോര്‍ഡര്‍ കൊടുക്കേണ്ടി വന്നില്ല എന്നതും ഇന്നും ഓര്‍മ്മയില്‍ സജീവം.....)
ഒന്നൊന്നിനെ അടിച്ചമര്‍ത്തുബോള്‍ അടിച്ചമര്‍ത്തപെടുന്നവയ്ക്ക്‌ പ്രധിരോധശക്തികൂടുമെന്നും രക്ഷപെടാന്‍ എങ്ങനേയും വഴി നോക്കും എന്ന സത്യം ആര്‍ക്കാ അറിഞ്ഞുകൂടാത്തെ...പക്ഷെ ഞാനത്‌ മനസിലാക്കിയത്‌ മൈനര്‍ സെമിനാരി പ്രവേശന കാലഘട്ടത്തിലാ....മംഗ്ലീഷ്‌ എന്ന മഹാ പ്രതിഭാസവും (Banana Kill = വാഴ കുല.... Cast Fruit= ജാതിക്കാ....അവയില്‍ കാര്യമായി ചില സംഭാവനകള്‍ നല്‍കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ അഭിമാനത്തോടെ ഞാനോര്‍ക്കുന്നു ഇന്നും.... തെങ്ങിന്റെ ആര് കൈയില്‍ കയറിയാല്‍ ഇംഗ്ഗ്ലീഷിലെങ്ങനാ പറയുകാ? who entered in my thump..... അല്ലാതെന്താ? ആരൂരാനോ..... ഡിക്ഷണറി തപ്പാനോ ഞാന്‍ പോകേണ്ടത്‌ ?) മൂക്കാത്ത വാഴ എങ്ങനെ വെട്ടി പഴുപ്പിച്ച്‌ മറ്റുള്ളവരെ തീറ്റിപ്പിക്കാം കക്കാണെങ്കില്‍ എങ്ങനെ കുളത്തില്‍ വെട്ടി താഴ്താം എന്നിങ്ങനെയുള്ള വലിയ കാര്യങ്ങള്‍ പഠിച്ചതായിടയ്കാ..... മൂക്കാത്ത കുലയാണെങ്കില്‍ പത്താഴത്തിനകത്തുവച്ചടച്ചിട്ട്‌ ഒരു ചന്ദന തിരി കത്തിച്ചു വയ്കുക അല്ലെങ്കില്‍ പൊതിമടല്‍ പുകയ്കുക ഇത്തിരി മുളകുപൊടി കൂടി തൂവിയാല്‍ ബെസ്റ്റ്‌... പത്താഴം കത്താതെ നോക്കണെ.. മൈനര്‍ സെമിനാരിയിലെ പത്താഴത്തിന്‍ ഇന്നും മായാത്ത ഒരു മുദ്ര പതിപിച്ചിട്ടുണ്ട്‌.... ഞാനല്ലട്ടോ.... എന്റെ മാതൃകാ പുരുഷന്മാര്‍.....
പഴുപ്പിക്കാന്‍ കുല വച്ച സമയത്ത്‌ പൊതിമടലും വച്ചൂ ചെമ്മാച്ചന്‍... പക്ഷെ തിരക്കില്‍ വച്ചകാര്യം മറന്നു.... പുകഞ്ഞു പുകഞ്ഞു പത്താഴവും പുകഞ്ഞ്‌ പൊതിമടലിനകത്ത്‌ പഴുപ്പിനു വേഗത കൂട്ടാന്‍ വച്ച മുളകുമണം മൂക്കിലടിച്ച്‌ തുമ്മി തുടങ്ങിയപ്പോഴാ ചെമ്മച്ചനു ബോധം പോയത്‌.....(ഈ അനുഭവം കൈമുതലായുള്ളതുകൊണ്ടാണോ അതോ കേട്ടറിവുള്ളതുകൊണ്ടാണോ എന്നറിയില്ല...പണ്ട്‌ ഏതോ ഒരു ചെമ്മാച്ചന്‍ റക്ടറച്ചന്‍ പുറത്തുവച്ചു മറന്നു പോയ...(അതീവരഹസ്യമായി പുള്ളി ചെയ്തു പോന്നതാ പക്ഷെ കഷ്ടകാലത്തിനൊരിക്കല്‍ മറന്നു... അതുകൊണ്ട്‌ മറക്കാത്ത പാഠവും കിട്ടി.....) സിഗററ്റിനകത്ത്‌ മുളകു പൊടി തൂവിയത്‌).....
നട്ടുവച്ച കുംബളങ്ങ കഷ്ടകാലത്തിനങ്ങ്‌ സമൃദ്ധിയായി വളരുകയും അതു കണ്ട വൈസ്‌റെക്ടര്‍ അതുവച്ചു മുതലെടുക്കുകയും നിത്യവും കുംബളങ്ങാചാര്‍ കൊണ്ടഭിഷേകവും തുടങ്ങിയാല്‍ എന്തു ചെയ്യും.... ഒന്നും ചെയ്യാനില്ല.... സെമിനാരിയിലെ ആടിന്റെ കെട്ടഴിച്ചുവിടുക അത്ര തന്നെ.... ആടുകടിച്ചാല്‍ കൂബുകരിയുമെന്നതെത്ര സത്യം......(മൃഗങ്ങളും മനുഷ്യന്റെ സഹചാരികളാണെന്നും അവയും മനുഷ്യരും തമ്മില്‍ ഒരു പരസ്പര ധാരണ നല്ലതാണെന്നുമുള്ള വലിയൊരറിവ്‌ അന്നെനിക്കു കിട്ടി)അങ്ങനെ മൈനര്‍ സെമിനാരിയിലെ നിയമങ്ങള്‍ കൊണ്ടെന്തൊക്കെ നല്ലകാര്യങ്ങളാ ഞാന്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്തത്‌...

Wednesday, 28 March 2007

ഡോര്‍മിറ്ററി.......

മൈനര്‍ സെമിനാരിയിലെ ഡൊര്‍മിറ്ററിയെ ചുറ്റിപറ്റിയുള്ള കഥകള്‍ ഒരുപാടുണ്ട്‌.....
ഉറക്കം ഒരുമിച്ചായതുകൊണ്ട്‌... സ്വപ്‌നാടനങ്ങള്‍ക്ക്‌ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല....
ഇന്നും മറന്നിട്ടില്ല........ ഒരു പാതിരാവില്‍ ഒരുത്തന്റെ നിലവിളികേട്ട്‌ കണ്ണുതുറന്ന ഞങ്ങള്‍ കണ്ടത്‌..
ഒരുത്തന്‍ വേറൊരുത്തന്റെ മുതുകിനിട്ട്‌ നിര്‍ത്താതെ ചെണ്ടകൊട്ടുന്ന രംഗമായിരുന്നു..

സംഗതി നിസാരം ഉറങ്ങാന്‍ കിടന്ന ചെമ്മാച്ചന്‍ പിറ്റേദിവസത്തെ പരീക്ഷയെ കുറിച്ച്‌ ആകുലചിത്തനായിരുന്നു പോലും...ഉറക്കത്തില്‍ ഇടികൊണ്ട ചെമ്മാച്ചന്‍ ഇടിച്ചവന്റെ ചോദ്യപേപ്പര്‍ അടിച്ചു മാറ്റിയെന്ന് ഇടിച്ചവന്‍ സ്വപ്‌നം കണ്ടെത്രെ ആ ചോദ്യ പേപ്പര്‍ തിരികെ മേടിച്ച ബഹളമായിരുന്നു ആ കേട്ടത്‌... പക്ഷെ സ്വപ്‌നത്തില്‍ ചോദ്യപേപ്പര്‍ അടിച്ചു മാറ്റിയ ചെമ്മാച്ചനും... രാത്രി നട്ടപാതിരായ്‌ക്‌ ഇടി കൊണ്ട ചെമ്മാച്ചനും എങ്ങനെ ഒരാളായി പോയീ എന്നത്‌ ഇന്നും എനികജ്ഞാതം...75 പേരുടെ കൂടെ ഒറ്റ ഹാളില്‍ കിടന്നുറങ്ങുക എന്നത്‌ ഒരു വലിയൊരു കാര്യമായിരുന്നു...

എത്രയെത്ര പ്രസംഗങ്ങളാണീ ചെവിയില്‍ മുഴങ്ങിയിട്ടുള്ളത്‌... പിറ്റേദിവസം ക്ലാസില്‍ ചൊല്ലി കേള്‍പ്പിക്കാനുള്ള ഇംഗ്‌ളീഷ്‌ പദ്യ ശകലങ്ങള്‍...എസേകള്‍... എന്തിന്‍...ആരും പുറത്തറിയാതെ സൂക്ഷിച്ചിരുന്ന എത്രയോ രഹസ്യങ്ങള്‍ അങ്ങാടീ പാട്ടുകളായിരിക്കുന്നു.....

Tuesday, 27 March 2007

സീത......................

മൈനര്‍ സെമിനാരിയിലേക്കുള്ള പടിവാതില്‍ കടന്നാല്‍ ആദ്യം കാണുക കുരങ്ങത്തിയെ ആയിരുന്നു....
ഇന്നും അതിന്റെ ഗുട്ടന്‍സ്‌ എനിക്കു പിഠിത്തം കിട്ടിയിട്ടില്ല....
150-ഓളം ചെമ്മാച്ചന്‍ മാരും 3 അച്ചന്‍ മാരും പിന്നെ അടുക്കളയില്‍ പണിയുള്ള 2 ചേട്ടന്മാരും പിന്നെ ഒരു ഡ്രൈവറും ഒരു കറവക്കാരനും കഴിഞ്ഞാല്‍ സെമിനാരിയിലെ അന്തേവാസി (ഒരു പെണ്‍പട്ടിയും പിന്നെ 10-ഓളം പശുക്കളുമുണ്ടായിരുന്നുവെങ്കിലും അവയെ ഒന്നും വനിതാ സ്ഥാനം നല്‍കി പരിഗണിച്ചിരുന്നില്ല) എന്നു പറയാവുന്ന ഏക വനിത സീത (അതായിരുന്നു ആ കുരങ്ങത്തിയുടെ പേര്‍) ആയിരുന്നു.....
തീര്‍ച്ചയായും അതിന്റെ ഒരു ഗമയും പരിഗണയും അവള്‍കുണ്ടായിരുന്നു.....
സത്യം പറയാമല്ലോ.. സീതയ്‌ക്കു കിട്ടിയിരുന്ന പരിഗണയില്‍ അസൂയാലുക്കളായി, അടുത്ത ജന്മത്തിലെങ്കിലും സെമിനാരിയില്‍ ഒരു കുരങ്ങായി ജനിക്കാനുള്ള ഭാഗ്യം തരണമേ എന്നു പ്രാര്‍ത്ഥിച്ചിരുന്നവര്‍ കുറവല്ല.... കാരണം എന്നും അവള്‍ക്ക്‌ തീറ്റയ്‌ക്‌ സ്പെഷ്യലായിരുന്നു എന്തുകൊണ്ടെന്നാല്‍ അവള്‍ റക്‍ടറച്ചന്റെ മാത്രം പെറ്റായിരുന്നു....അതുകൊണ്ടുതന്നെ അച്ചന്മാര്‍ക്കു മാത്രം വിളംബിയിരുന്ന മീന്‍ വറുത്തതും മധുര പലഹാരങ്ങളുമൊക്കെ എല്ലാ അച്ചങ്കുഞ്ഞുങ്ങളുടെയും ആര്‍ത്തിപൂണ്ടിരിക്കുന്ന വായകള്‍ക്കുമുന്നിലൂടെ വളരെ ആഘോഷ പൂര്‍വ്വം അച്ചനത്‌ സീതയ്‌ക്ക്‌ കൊണ്ടു പോയി വിളംബുമ്പോള്‍ എങ്ങനെയാ സഹിക്കുക....
പക്ഷെ സീതയെ ഇഷ്‌ടപെടാന്‍ ഒരു കാരണമുണ്ട്‌.. കാരണം റക്‍ടറച്ചനിട്ട്‌ പണികൊടുക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ സീത ഉണ്ടാക്കി തരുമായിരുന്നു....അവയില്‍ ഏറ്റവും പ്രധാനപെട്ടത്‌.... ഏതെങ്കിലും സന്ദര്‍ശകര്‍ വരുമ്പൊള്‍ അവരെ അച്ചനറിയാതെ സീതയുടെ അടുത്തെത്തിക്കുക എന്നതായിരുന്നു... സീതയുടെ അടുത്ത്‌ അച്ചനല്ലാതെ ആരെത്തിയാലും ഒന്നുറപ്പാ.... ഒന്നെങ്കില്‍ ഒരു കടി... അല്ലെങ്കില്‍ ഒരു തുണി (ഒന്നു രണ്ടു അമ്മൂമ്മമാരുടെ മേല്‍മുണ്ട്‌ അടിച്ചു മാറ്റിയിട്ടുണ്ട്‌ കക്ഷി) ...എന്തെങ്കിലും ഒന്നു സംഭവിച്ചിരിക്കും...അങ്ങനെയൊക്കെ സംഭവിച്ചുകഴിയുമ്പോള്‍ അച്ചനുണ്ടാകാവുന്ന മാനസികാവസ്ഥ അറിയല്ലോ...അച്ചനേയും സീതയേയും തമ്മില്‍ പിണക്കാനുള്ള നല്ലൊരു വഴിയുമായിരുന്നു അത്‌... പക്ഷെ ആ റക്‍ടറച്ചന്‍ മാറി വേറൊരച്ചന്‍ വന്നതോടെ സീതയുടെ കഷ്‌ടകാലവും തുടങ്ങി..... സ്ഥാനയിറക്കം സംഭവിച്ചു.... മരണം വരെ പഴയ സുവര്‍ണ്ണകാലം തിരിച്ചു വന്നില്ലാത്രെ...... ഒരുപാട്‌ പേരുടെ പ്‌രാക്കാവാം....എത്രയോ പേരുടെ മനസമാധാനം കെടുത്തിയവളാ അവള്‍..... അല്ലെങ്കില്‍ പിന്നെ........അങ്ങനൊന്നും സംഭവിക്കില്ലായിരുന്നല്ലൊ

Monday, 26 March 2007

ആശാന്റെ നെഞ്ചത്ത് അല്ലേല്‍ അച്ചന്റെ

മൈനര്‍ സെമിനാരീ എന്നു കേള്‍കുമ്പൊഴേ ഓര്‍മ്മ വരുന്നത്‌ രാത്രി സഞ്ചാരിയായ റക്‍ടറച്ചനെ ഇരുട്ടത്ത്‌ കുടുക്കിയതാ(തെറ്റിദ്ധരിക്കരുത്‌..പൊതു വഴി സഞ്ചാരമല്ല ഞാനുദ്ധേശിച്ചത്‌......മൈനര്‍ സെമിനാരിയില്‍ രാത്രിപ്രാര്‍ത്ഥന കഴിഞ്ഞാല്‍ വെളുപ്പിന്‍ ഉണര്‍ത്തുമണിയടിക്കുന്നതു വരെ മിണ്ടരുതെന്നാ വയ്‌പ്‌ പക്ഷെ അച്ചന്‍ കുഞ്ഞുങ്ങളുണ്ടോ വെറുതെയിരിക്കുന്നു.... അതും ഡോര്‍മിറ്ററി എന്നു പേരുള്ള വലിയൊരു വിശാലമായ ഹാളില്‍ ഹോസ്പിറ്റല്‍ ബെഡുകളെ ഓര്‍മിപ്പിക്കും വിധം 75 പീക്കിരികളെ അടുക്കിയാലെങ്ങനുണ്ടാവും.... അത്യാവശ്യവെട്ടത്തിനു വേണ്ടി ഹാളിനു നടുവില്‍ ഒരു മിന്നാമിനുങ്ങിന്റെ നറുവെട്ടം പോലെ ഒരു സീറോ വാട്ട്‌ ബള്‍ബുമുണ്ടാവും ഈ നറുവെട്ടത്തിലാണ്‍ കലാപകാരികളെ പിടിക്കനുള്ള റക്‍ടറച്ചന്റെ വരവ്‌).... അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ചെറിയ മണം കിട്ടി... രാത്രി റക്‍ടറച്ചനിറങ്ങാനുള്ള സകല സാദ്ധ്യതയും...... ആര്‍ക്കാണാവോ ആ സല്‍ബുദ്ധി തോന്നിയത്‌..... ഏതായലും 5-ന്റെ തുട്ടു പൈസയ്കും അതിന്റേതായ മഹത്വവും വിലയുമുണ്ടെന്ന് അന്നു മനസിലായി....കെടുത്തിയിട്ടിരുന്ന ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ കെണിയൊരുക്കി അവന്‍ (ഞാനല്ലട്ടോ ആ മഹാന്‍) കാത്തിരുന്നു.... ഒന്നുമറിയാത്ത പാവം റക്‍ടര്‍ ഏതെങ്കിലുമൊരു ഇരയെ കുടുക്കുവാനുള്ള വ്യഗ്രതയോടേ അതാ പമ്മി പമ്മി അകത്തേക്ക്‌.... എന്റമ്മോ ചിരിയടക്കാന്‍ പെട്ട പാട്‌..... അച്ചനതാ വിശാലമായ ഡോര്‍മിറ്ററിയുടെ അങ്ങേയറ്റത്ത്‌..... പ്‌ഠിം.... എന്തോ എവിടെയോ ഒന്നു മിന്നി..... സീറോ ബള്‍ബ്‌ സീറോ.... ആരോ എവിടെയൊക്കെയോ അമര്‍ത്തി ചിരിക്കുന്നു.... എന്റെ വായില്‍ ഞാനറിയാതെ തന്നെ പുതപ്പിന്റെ ഒരറ്റം ഞാന്‍ തിരുകി... അല്ലെങ്കില്‍ പിറ്റേദിവസം രാവിലെ തന്നെ ആ പുതപ്പ്‌ പെട്ടിയിലാക്കി വീട്ടിലെത്തിയേനേ... ഒപ്പം ഞാനും.... റക്‍ടറച്ചന്‍ തിരികെ നടന്നു തുടങ്ങി എന്നുറപ്പായി... കാരണം ഏതോ കട്ടിലില്‍ ആരൊക്കെയോ മുട്ടുന്ന ശബ്‌ദം.....ആരെടാ നോക്കി നടന്നൂടെ.... ഹാവൂ റക്‍ടറച്ചനെ നാലാള്‍കേള്‍ക്കെ രണ്ടു പറയാന്‍ കിട്ടുന്ന ഒരവസരം പാഴാക്കാന്‍ അവനും തെയ്യാറായിരുന്നില്ല..... അനാണാദ്യമായും അവസാനമായും റക്‍ടറച്ചനോട്‌ സഹാതാപം തോന്നിയത്‌.... 45-50 വയ്സുള്ള ഒരു വലിയ മനുഷ്യന്‍ 15 വയ്സുള്ള ഒരു പീക്കിരിയോട്‌ ഒന്നും പറയാനാവാതെ തപ്പി തടഞ്ഞു മുന്‍പോട്ടു പോകുന്ന ആ രംഗം.... ഏതായാലും പിറ്റേദിവസം അതിരാവിലെ കുര്‍ബാന സമയത്ത്‌ അച്ചന്റെ മാത്രമല്ല വേറെ പലരുടെയും തല താഴ്‌ന്നിരുന്നു.........

എന്റെ വിളി.....

സെമിനാരിയില്‍ ചേര്‍ന്ന് അച്ചനാവണം എന്നൊരാഗ്രഹം പണ്ടു തൊട്ടേ മനസിലുണ്ടായിരുന്നു........ എന്നൊന്നും ഞാന്‍ പറയില്ല...എന്റെ കൂടെ അങ്ങനെയെത്തിയ അനേകം വിശുദ്ധരുണ്ടായിരുന്നു.....അവരൊക്കെ ഇപ്പൊ എവിടെയാണാവൊ പലരും ഹോളീ ഫാമിലി കോണ്‍ഗ്രഗേഷനില്‍ (വിശുദ്ധ കുടുംബ സഭ എന്നു പരിഭാഷ - പെണ്ണുകെട്ടി കൊച്ചു കുഞ്ഞു പരാധീനതകളുമായി ഒരു കുടുംബം എന്നു പച്ച മലയാളത്തില്‍) ചേര്‍ന്നു എന്നാണറിവ്‌. സെമിനാരിയില്‍ ചേരുന്നവര്‍ക്ക്‌ വിളി ഉണ്ടാവണം എന്നതൊരു നിര്‍ബന്ദമുണ്ടായിരുന്നതു കൊണ്ട്‌ (ആ നിര്‍ബന്ദം ആര്‍ക്കായിരുന്നു എന്നെനിക്കറിയില്ല) വിളിയില്ലാതിരിക്കാനാവില്ലല്ലൊ....അങ്ങനെ എന്റെ വൈദീക ജീവിതവും ഒരു നല്ലൊരു നുണയിലാരംഭിച്ചു (വലിയൊരു നന്മയ്കായി ചെറിയൊരു തിന്മ-നന്മയേത്‌ തിന്മയേത്‌,ആര്‍ക്ക്‌ എന്ന ചോദ്യം അപ്രസക്തം). സെമിനാരി പ്രെവേശനത്തിനുള്ള ഒരു പ്രെവേശന ക്യാമ്പ്‌... വിശുദ്ധരും നിര്‍മ്മലരുമായ മാലാഖ കുഞ്ഞുങ്ങളെ പോലെ (എന്റമ്മോ 3 ദിവസം അതിനകത്ത്‌ അനങ്ങാതെ പിടിച്ചിരിക്കാന്‍ പെട്ട പാട്‌... വിശുദ്ധനായൊരു കുഞ്ഞല്ലെ..വായ തുറന്നാല്‍ ഉള്ള വിശുദ്ധി ചാടി പോയല്ലൊ)ഞങ്ങളിച്ചിരി പേര്‍....വിശുദ്ധിയും മറ്റും തെളിയിക്കാനുള്ള ഒരവസരം കാത്തിരിക്കുന്ന നേരത്താ.... ഓര്‍ക്കാപുറത്തൊരു ചോദ്യം.... "കുഞ്ഞേ, കുഞ്ഞിനെങ്ങനെയാ വിളിയുണ്ടായേ, ആ അനുഭവമൊന്നു വിവരിക്കാമോ"?.....എന്റമ്മച്ചി... എന്റെ നാക്കൊന്നു വളഞ്ഞു...നല്ല ഒന്നാന്തരം ബോയിസ്‌ ഹൈസ്‌കൂളില്‍ (വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു സ്‌കൂളിലായിരുന്നു പഠനം, രാഷ്‌ട്രീയ പ്രെവേശനത്തിനു പ്രെത്യേക കോച്ചിങ്ങിനുള്ള അവസരമൊക്കെയുണ്ട്‌..അതില്‍ കൂടുതല്‍ വിവരിക്കണ്ടല്ലൊ) പത്താം തരമെത്തി നില്‍ക്കുന്ന എന്റെ വിശുദ്ധിയുടെ ആഴം മനസിലാക്കി കൊടുക്കാന്‍ വായ തുറക്കുന്നതിനു മുന്‍പ്‌ തിരിഞ്ഞു നോക്കാനുള്ള ഭാഗ്യം (നിര്‍ഭാഗ്യമോ) എനിക്കുണ്ടായി..... അയ്യോ.. അതൊരു തല മൂത്ത ചെമ്മാച്ചനായിരുന്നു....ചെമ്മാച്ചന്റെ ആ വെളുത്ത ലോഹയിലേക്കു നോക്കി ഞാന്‍ വാ തുറന്നു എന്റെ വായില്‍ നിന്നും ഞാനറിയാതെ വാക്കുകള്‍ ചാടി തുടങ്ങി.....ഉവ്വച്ചോ... രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോ സ്വൊപ്‌നത്തില്‍ (പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ സ്വപ്നം കാണുന്നത്‌ രാത്രി കിടക്കപായയിലാണോ അതോ പാഠപുസ്തകം മുന്‍പിലിരിക്കുമ്പോഴാണോ ...?) ഒരു മാലാഖ എന്നെ വിളിച്ചു (റോഡിലേക്ക്‌ വിശാലമായി തുറന്നിരിക്കുന്ന ജനല്‍ പാളികള്‍കിപ്പുറത്തിരുന്നു പഠിക്കുന്ന എന്റെ മുന്‍പിലൂടെ കടന്നു പോയിട്ടുള്ള മാലാഖമാരൊന്നും എന്നെ വിളിച്ചിട്ടില്ല എന്ന സത്യം എനിക്കു പറയാനൊക്കുമോ)സാമുവേലിനെ വിളിച്ചതു പോലെ (എന്തിനു കുറക്കണം..ഇരിക്കട്ടെ) ഇവിടെ വന്നപ്പോഴും അങ്ങനെ അനുഭവങ്ങളുണ്ടായി.... ചെമ്മാച്ചന്റെ വാ തുറന്നതടയാതെ വന്നപ്പോ എന്റെ തലക്കനം കൂടി ആദ്യമായി ഒരു വിശുദ്ധനെ കാണുന്നവനെകണ്ട പ്രതീതി ഈ എളിയവനായ എനിക്കുണ്ടായി... പക്ഷെ എന്റെ ഈ വിശുദ്ധിയുടെ ആഴം ഇച്ചിരി കൂടിപോയെന്ന കാര്യം ഇച്ചിരി കഴിഞ്ഞാണു ഞാനറിഞ്ഞത്‌.... എന്നെ നോക്കിയവരൊക്കെ ഒന്നു കൂടി എന്നെ തിരിഞ്ഞു നോക്കാന്‍ തുടങ്ങി....ഇതാ ഒരു മോഡേണ്‍ സാമുവേല്‍.......... (മാലാഖമാരുമായി അഭിമുഖ സംഭാഷണം നടത്തിയവന്‍....പിന്നെ ഒരു ചെമ്മാച്ചനാകാനാഗ്രഹിച്ചവനായതു കൊണ്ട്‌ ആരും മാനത്തേക്കൊന്നും നോക്കിയില്ല....അല്ല നോക്കിയാലും പട്ടാപകലെവിടന്നാ ഒരു വാല്‍ നക്ഷത്രം കാണാനാവുക) ഏതായാലും സംഗതി റക്‍ടറച്ചന്റെ ചെവി വരെ എത്താഞ്ഞതുകൊണ്ട്‌....3 ദിവസ്ത്തെ ക്യാമ്പ്‌ പൂര്‍ണ്ണമാക്കി......അങ്ങനെ ആ 3 ദിവസത്തെ പരീക്ഷണവും ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായ എസ്‌.എസ്‌.എല്‍.സി. പരീക്ഷയും (ആ കടംബ എങ്ങനെ കടന്നുവെന്ന്..ഇന്നും എനികജ്ഞാതം.....)എന്റെ ദൈവവിളിയുടെ (ഞാന്‍ ഒരു വൈദീകനാകാന്‍ ദൈവം ആഗ്രഹിക്കുന്നു എന്നതിന്റെ) ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി ഇന്നും ഞാന്‍ കാണുന്ന (ഞാന്‍ മാത്രമല്ല...പലരും രഹസ്യമായി അങ്ങനെ തന്നെയാ...കാരണം എസ്‌.എസ്‌.എല്‍.സി. തോറ്റാല്‍ പിന്നെ സെമിനാരിയുടെ പടിക്കകത്തേക്ക്‌ നോക്കണ്ട)ആ രഹസ്യവും പിന്നിട്ട്‌ ഞാനും ഒരു ചെമ്മാച്ചനായി.... 25-ഓളം ഭാഗ്യവാന്മാരിലൊരുവനായി (നിര്‍ഭാഗ്യവാന്മാരെന്ന് കുശുംബും കുനിഷ്‌ടുമുള്ളവര്‍ പറയും)....ഞാനും എണ്ണപെട്ടു...... അങ്ങനെ ഏതാണ്ട്‌ 14 വര്‍ഷങ്ങള്‍ക്കും മുന്‍പ്‌ ആ ജീവിതം തുടങ്ങി......

ഒരു ചെമ്മാച്ചന്റെ കുറിപ്പുകള്‍....

വായിക്കുന്നവര്‍ക്കായ്‌ ചെറിയൊരു കുറിപ്പ്‌.....
ചെമ്മാച്ചന്‍മാര്‍ എന്നു പറയുന്നവര്‍ ഒരു പ്രത്യേക വര്‍ഗമോ, ജന്തുക്കളോ അല്ല എന്നറിയാമല്ലൊ...
ഇതു പറയാന്‍ കാരണം... നമ്മുടെ കൊച്ചു കേരളത്തില്‍, ഒരു കൊച്ചു സംസാരമുണ്ട്‌...
അതായത്‌ ചെമ്മാച്ചന്‍മാരൊക്കെ വികാര വിചാര ബോധങ്ങളില്ലാത്ത (കടുക്ക വെള്ളം കുടിക്കുന്നവര്‍ എന്നും പരിഭാഷ...അതെന്താണെന്നെനിക്കറിയില്ല...ഞാനാ സാധനം കണ്ടിട്ടേയില്ല....കേട്ടിട്ടുണ്ട്‌..) ഒരു തരം ജന്തുക്കളാണെന്ന്......അല്ലേ അല്ല...
അവരും നിങ്ങളെയൊക്കെ പോലെ....
അല്ലെങ്കില്‍ നിങ്ങളുടെ ചേട്ടനനിയന്മാരെ പോലെ സാധാരണ മനുഷ്യരാ....
വികാര വിചാരങ്ങളുള്ളവര്‍.....
കൗമാരചാപല്യങ്ങളും സകലമാന വികൃതികളും കുസൃതി തരങ്ങളുമൊക്കെ നിറഞ്ഞ ഒരു ജീവിതം അവര്‍ക്കുമുണ്ട്‌.....
പ്രസിദ്ധിയാര്‍ജിച്ച പല ഹോസ്റ്റല്‍ കഥകളുമില്ലേ... അതുപോലെ ഞങ്ങളുടെ ഓര്‍മ്മകളിലും ജീവിതങ്ങളിലുമൊക്കെ തിങ്ങി നിറഞ്ഞ ഒരുപാട്‌ അനുഭവങ്ങളുണ്ട്‌...
പക്ഷെ ഒരിക്കലും അവ പുറത്തറിയാറില്ല എന്നു മാത്രം.....
അവയൊക്കെ ഒന്നു തട്ടി കൂട്ടി പുറത്തിറക്കിയാലോ എന്ന ചിന്ത തുടങ്ങിയിട്ട്‌ നാളുകളേറെയായി.....

അതിനുള്ള ഒരു ശ്രമമാ ഇത്‌....പുറത്തുള്ളവര്‍ക്ക്‌ പരിചയമില്ലാത്ത ഒരവസ്ഥയും ജീവിതവുമാണിത്‌ എന്നതു കൊണ്ട്‌.. ഞാനെഴുതുന്നതിന്റെ പൊരുളുകളും ആശയങ്ങളും വായനക്കാര്‍ക്ക്‌..അതാതിന്റേതായ രുചിയില്‍ കിട്ടുമോ എന്ന് സംശയമുണ്ടെനിക്ക്‌....

ഏതായലും തുടങ്ങുന്നു.....
ഹോസ്റ്റല്‍ ജീവിതങ്ങളില്‍ നിന്നും സെമിനാരി ജീവിതത്തെ വിഭിന്നമാക്കുന്ന ഒന്നുണ്ട്‌......ഹോസ്റ്റല്‍ നിവാസികള്‍കെല്ലാമറിയാം കുറച്ചു നാളത്തെ സഹവാസത്തിനു ശേഷം വേര്‍പിരിയേണ്ടി വരുമെന്ന്....പക്ഷെ സെമിനാരി ജീവിതത്തില്‍ നേരെ മറിച്ചാ.... തുടങ്ങിപോയാല്‍ പിന്നെ ഒടുക്കം വരെ ഒരുമിച്ചാ... അതുകൊണ്ടുതന്നെ തുടക്കം പിഴച്ചാല്‍ തീര്‍ന്നു.... മരണം വരെ ഒന്നല്ല ഒരായിരം കുരിശുകള്‍ ഫ്രീ...... എന്നാലും ചില കുരിശുകള്‍ വഴിക്കിറങ്ങി പോകുന്നതുകൊണ്ട്‌ (ഇറങ്ങാന്‍ വരുന്നതാണെന്ന് കയറുമ്പോ പറയാനാവുമോ.... അതു ചോദിക്കരുത്‌-ഈ കുരിശെന്നാണിറങ്ങുന്നതെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല-ആരും ഇറക്കാതിരുന്നാല്‍ മതി)സാവധാനം കുരിശുകളുടെ എണ്ണം കുറയും......